സൗമ്യസൗരഭ്യം പരത്തി കടന്നുപോയ ശസ്ത്രക്രിയാ വിദഗ്ധന്‍

“ഓപറേഷന്‍ തിയേറ്ററില്‍ ഒരാളെ കീറിമുറിക്കണമെന്ന് പറഞ്ഞാല്‍ അതെനിക്ക് നിഷ്പ്രയാസം കഴിയും. എന്നാല്‍, ഒരു സദസ്സിനുമുന്നില്‍ എഴുന്നേറ്റുനിന്ന് നാല് വാക്ക് പറയാന്‍ എന്നെക്കൊണ്ടാവില്ല. അപ്പോഴെന്റെ തുട വിറക്കും. അതിനാല്‍, ഞാനുണ്ടാവില്ല.”

ജിദ്ദ വിടുന്നതിന് ഏതാനും വര്‍ഷം മുമ്പ് ഒരു പരിപാടിയില്‍ ആരോഗ്യവിഷയങ്ങളില്‍ കുടുംബസദസ്സുമായി സംവദിക്കണമെന്ന അഭ്യര്‍ഥന നന്ദിപൂര്‍വം തിരസ്‌കരിച്ചുകൊണ്ടുള്ള അമ്പാടി അബ്ദുറഹ് മാന്‍ ഡോക്ടറുടെ മറുപടിയായിരുന്നു ഇത്.
പെരുമാറ്റത്തിലും ശരീരഭാഷയിലും അതിവിനയം കൊണ്ടുനടന്നിരുന്ന ഡോക്ടര്‍ക്ക് എങ്ങനെ സര്‍ജറി ആസ്വദിക്കാന്‍ കഴിയുന്നുവെന്ന് വിസ്മയം പൂണ്ടിട്ടുണ്ട്. ഇരുപതിനായിരത്തിലധികം ലാപ്രോസ്‌കോപിക് ശസ്ത്രക്രിയകള്‍ നടത്തി റെക്കോര്‍ഡിട്ട പ്രിയ ഡോക്ടറുടെ ആകസ്മിക വിയോഗം കനത്ത ആഘാതമായി.

വിനയത്തിന്റെ ആള്‍രൂപമായിരുന്നു പ്രിയപ്പെട്ടവരും നാട്ടുകാരും “കുഞ്ഞന്‍ ഡോക്ടര്‍” എന്ന് സ്‌നേഹപൂര്‍വം വിളിച്ചിരുന്ന അബ്ദുറഹ് മാന്‍ ഡോക്ടര്‍.
ജനഹൃദയങ്ങളിലേക്ക് സ്‌നേഹോഷ്മളതയുടെ ചാല് കീറാന്‍കൂടി ശസ്ത്രക്രിയാ കത്തിയെ എങ്ങനെ ഉപയോഗിക്കാമെന്ന് തെളിയിച്ച അതുല്യവൈഭവത്തിന്റെ ഉടമയായിരുന്നു ഈ ഭിഷഗ്വരന്‍. ബന്ധു കൂടിയായ അദ്ദേഹം വര്‍ഷങ്ങളോളം അബീറില് കുടുംബ ഡോക്ടറെ
പോലെയായിരുന്നു. ഇപ്പോള്‍ പ്ലസ് വണിന് പഠിക്കുന്ന മകന്‍ ഫൈസാന്റെ സുന്നത്ത് കര്‍മം നിര്‍വഹിക്കാനായിരുന്നു അവസാനമായി സമീപിച്ചതാണെന്നാണ് ഓര്‍മ.

90 കളുടെ ഒടുവില്‍ അബീര്‍ പോളിക്ലിനിക്കിലൂടെ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് ശറഫിയയില്‍ പിച്ചുവെച്ച് തുടങ്ങിയ നാളുകള്‍ മുതലേ, ഈ മെഡിക്കല്‍ സ്ഥാപനം ജിദ്ദക്കാര്‍ക്ക് പ്രിയങ്കരമാക്കുന്നതില്‍ അതിദ്വീയ പങ്കായിരുന്നു ഡോക്ടര്‍ക്ക്. ക്ഷിപ്രവേഗത്തില്‍ അബീര്‍ പടര്‍ന്നുപന്തലിച്ചതിനുപിറകില്‍ വൈദ്യസേവനത്തെ ദൈവാരാധനയായി കണ്ട ഈ ഭിഷഗ്വര പ്രമുഖന്റെ കര്‍മസപര്യ കാമ്പും കാതലുമായിട്ടുണ്ടെന്നത് നിസ്തര്‍ക്കമാണ്.

ബന്ധുമിത്രാദികള്‍ക്കെന്നപോലെ, പരിചയപ്പെട്ടവര്‍ക്കെല്ലാം നടുക്കം സമ്മാനിച്ച് നാഥന്റെ കൃപാകടാക്ഷത്തിലേക്ക് നടന്നുനീങ്ങിയ ആ സൗമ്യ വ്യക്തിത്വത്തിന്റെ പരലോകമോക്ഷത്തിനുവേണ്ടി പ്രാർത്ഥിക്കാം.
. أللهم اغفر له وارحمه و اعف عنه و عافه و ادخله فسيح جناته الفردوس الأعلى